Pages

Thursday, March 26, 2009

ജാലകപക്ഷി മൂടല്‍മഞ്ഞിനോട്...

ജാലകപക്ഷി ചോദിച്ചു: ആരു നീ?
മൂടല്‍ മഞ്ഞു പറഞ്ഞു: നിന്റെ പാട്ടിനു കൂട്ടായിരുന്നവന്‍

ജാലകപക്ഷി: എന്റെ പാട്ടിനു താളം പിടിക്കുവാന്‍
നിന്നെ ഞാന്‍ വിളിച്ചുവെന്നോ?
മൂടല്‍മഞ്ഞ്: നിന്റെ സ്നേഹ സൌഹൃദങ്ങള്‍ക്കുമേല്‍
ഒരു നനുത്ത പുതപ്പാകണം, എനിക്ക്.

ജാലകപക്ഷി:നമ്മള്‍ തമ്മില്‍ എന്ത്?
മൂടല്‍മഞ്ഞ്: പ്രണയാതുരമായ പ്രഭാത വഴികളിലും
സാന്ധ്യ വിഷാദങ്ങളുടെ താഴ്വരകളിലും
ഞാന്‍ നിന്റെയൊപ്പം ഉണ്ടായിരുന്നു.

ജാലകപക്ഷി: കഴിഞ്ഞ ജന്മത്തിലാകാം..
നിന്റെ മുഖം എന്റെ ഓര്‍മയിലില്ല.
മൂടല്‍മഞ്ഞ്:ഒപ്പം നടന്ന വഴിയില്‍ എന്നെ
ഏകനാക്കി നീ സംശയിച്ചു നില്‍ക്കരുത്..

ജാലകപക്ഷി:ഭൂമിയുടെ ഉഷ്ണം നിന്നെ
മായ്ക്കുമെന്നതിനാല്‍ ഞാന്‍ നിന്നെ ഭയപ്പെടുന്നില്ല.

Friday, March 20, 2009

വാക്കുകള്‍ കടലെടുക്കുന്നിടം

അനര്‍ഹമായ തീരത്തേക്ക് അപകട ഭീഷണികളെ

കണ്ടില്ലെന്നു നടിച്ചു പാഞ്ഞു കയറുന്ന തിര, ഞാന്‍..

എന്റെ വേലിയേറ്റങ്ങളെ അവഗണിച്ച പ്രധിരോധത്തിന്റെ കടല്‍ഭിത്തി, നീ.

ഞാന്‍: എന്റെ വാക്കുകളെ കടലെടുത്തുവോ, എന്റെ പ്രിയപ്പെട്ട വാക്കുകള്‍?

നീ: നിന്റെ വാക്കുകള്‍ നിഷേധിക്കപ്പെട്ടവന്റെ വിലാപം.

ഞാന്‍: എന്റെ തിരാശിഖരത്തില്‍ നിന്നു ഞാന്‍ നിനക്കായി വിക്ഷേപിച്ച വാക്കുകള്‍..

ഞാനവയെ സ്നേഹിച്ചിരുന്നു...

നീ:നിന്റെ ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ ദയ അര്‍ഹിക്കുന്നില്ല.

ഞാന്‍:എന്റെ വിഷാദം നീ അറിയുന്നില്ല.

നീ: അനിശ്ചിതത്വം മൊത്തമായി നിനക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു..

ഞാന്‍: ആത്മാവിന്റെ പുസ്തകം, അദ്ധ്യായം.....

നീ: ഓരോ പ്രണയം പരാജയപ്പെടുമ്പോഴും നീ ഇതാവര്‍ത്തിക്കുന്നു...

ഞാന്‍:എന്റെ കത്തുകള്‍..

നീ: തപാല്‍ വകുപ്പിലും സൈബര്‍ വലയിലും കാലം സമരത്തിലാണ്..

രണ്ടിടത്തും അവ നഷ്ടപ്പെട്ടിരിക്കാം.

ഞാന്‍: വാക്കുകളില്‍ കുരുങ്ങിപ്പോയ ജീവിതമാണ് എന്റേത്..

നീ: ഒരിടവേള അനിവാര്യമാകുന്നു...ഒരു കൊമേഴ്സ്യല്‍ ബ്രേക്ക്...

ഞാന്‍: അടുത്ത വേലിയേറ്റത്തിന്റെ കടലൊരുക്കതില്‍

ഞാനെന്റെ ഓര്‍മ്മകളെ നഷ്ടപ്പെടുത്തുന്നു...